കണ്ണൂർ: പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ് ടി.പുരുഷോത്തമൻ.
വോട്ടെടുപ്പിന് പിന്നാലെ പുരുഷോത്തമന്റെ വീട് സിപിഎം പ്രവർത്തകർ ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ വെസ്റ്റ് മേഖലാ പ്രസിഡന്റ് സുധീഷ്, മേഖലാ എക്സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചവർക്കെതിരെയും സിപിഎം നടപടിയുണ്ടാകും. കുഞ്ഞികൃഷ്ണനെ സഹായിക്കാന്‍ ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ വിവരവും ജില്ലാ കമ്മിറ്റി ശേഖരിച്ചിട്ടുണ്ട്.